സുവര്‍ണ്ണ ജൂബിലി ആഘോഷസമാപനവും
ശ്രേഷ്ഠ കലാകാരന്മാര്ക്കുള്ള പുരസ്കാരസമര്‍പ്പണവും
ഒരു വര്‍ഷം നീണ്ടുനിന്ന കേരള ലളിതകലാ അക്കാദമിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി 23 ഞായറാഴ്ച അക്കാദമിയുടെ ആസ്ഥാനമന്ദിരത്തില്‍ വെച്ച് വൈകീട്ട് 6.30ന് നടത്തുന്നു. സമ്മേളനത്തില്‍ മലയാളികളായ ശ്രേഷ്ഠ കലാകാരന്മാരെ ആദരിച്ചുകൊണ്ട് പുരസ്കാരങ്ങള്‍ സമര്‍പ്പിക്കുന്നു. ശില്പം, പെയിന്റിങ്, ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ എന്നീ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന കലാകാരന്മാര്ക്കാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. പ്രശസ്ത ശില്പിയായ പ്രൊഫ. കേശവന്കുട്ടിയ്ക്കും, ചിത്രകാരനായ ആര്‍ട്ടിസ്റ്റ് പി.സി. മാമനും, ഫോട്ടോഗ്രാഫറും നടനുമായ എന്‍.എല്‍. ബാലകൃഷ്ണനും, കാര്‍ട്ടൂണിസ്റ്റ് ടോംസിനുമാണ് 25,000/- രൂപയും ശില്പവും, പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്കാരങ്ങള്‍ ലഭിച്ചത്. സമാപന സമ്മേളനത്തിന്റെയും പുരസ്കാരസമര്പ്പണത്തിന്റെയും ഉദ്ഘാടനകര്‍മ്മം ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. കെ.സി.ജോസഫ് നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ ബഹു. എം.എല്‍.എ. അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ബഹു. എം.പി. ശ്രീ. പി.സി.ചാക്കോ മുഖ്യാതിഥിയായിരിക്കും.
പ്രൊഫ. പി. കേശവന്‍കുട്ടി
കേരളത്തിലെ മുതിര്‍ന്ന ശില്പികളിലൊരാളായ പ്രൊഫ. കേശവന്‍കുട്ടിയുടെ ജനനം 1942-ല്‍ മാവേലിക്കരയിലാണ്. മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ നിന്നും ശില്പകലയില് ഒന്നാം റാങ്കോടെ ഉന്നത ബിരുദം നേടിയ അദ്ദേഹം ആദ്യകാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റായും പിന്നീട് തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ലക്ചറര്‍, അസ്സി. പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998-ല്‍ ശില്പകലാ വിഭാഗം വകുപ്പു മേധാവിയായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടത്തിയിട്ടുള്ള നിരവധി ചിത്രശില്പ പ്രദര്‍ശനങ്ങളിലും ക്യാമ്പുകളിലും പങ്കാളിയായിട്ടുണ്ട്. നിരവധി ശില്പകലാ ക്യാമ്പുകളില്‍ ക്യാമ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍, പ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനി ശ്രീ. പൊന്നറ ശ്രീധറിന്റെ വെങ്കലപ്രതിമ, കായംകുളം കെ.പി.ഏ.സി. നാടക പ്രസ്ഥാനത്തിന്റെ മുന്നിലുള്ള ശില്പം, അത്താണിയില്‍ സ്ഥിതി ചെയ്യുന്ന `അത്താണി' സ്മാരക ശില്പം എന്നീ വലുപ്പമേറിയ സ്മാരക ശില്പങ്ങള് അദ്ദേഹം നിര്‍മ്മിച്ചവയാണ്. ഡല്‍ഹിയിലുള്ള കേന്ദ്രലളിത്കലാ അക്കാദമി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ആര്‍ട്ട് ഗ്യാലറികളിലെ കലാശേഖരങ്ങളില്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികളുണ്ട്. മുന്‍ രാഷ്ട്രപതി ശ്രീ. കെ.ആര്. നാരായണനില്‍ നിന്നും ഗോള്‍ഡ് മെഡല്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള ലളിതകലാ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി ഉള്‍പ്പെടെ നിരവധി കലാ സാംസ്കാരിക സംഘടനകള്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ അത്താണിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
ആര്‍ട്ടിസ്റ്റ് പി.സി.മാമന്
1943ല്‍ കോട്ടയം ജില്ലയിലാണ് പി.സി.മാമന്റെ ജനനം. 1962ല്‍ കലാപഠനം പൂര്‍ത്തിയാക്കി. 1967ല്‍ കേരള കലാപീഠത്തില്‍ കലാപഠനം നടത്തി. കേരളത്തിലെ വിവിധ ഗവണ്മെന്റ്, മാനേജ്മെന്റ് സ്കൂളുകളില്‍ കലാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.'
'Worship', 'Agoney of Christ' എന്നീ ചിത്രങ്ങള്‍ ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1976ല്‍ കൊടൈക്കനാലില്‍ വെച്ച് നടന്ന ക്രിസ്റ്റ്യന്‍ ആര്‍ട്ട് സെമിനാറില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
1963ല്‍ `പാട്രണ്‍ ഓഫ് വര്‍ക്കേഴ്സ്' എന്ന എണ്ണച്ചായ ചിത്രത്തിന് റോമിലെ മിഷന് അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുള്ള അദ്ദേഹം 1968 ല്‍ മാരമണ്‍ കണ്‍വെന്‍ഷനില്‍ ഏകാംഗ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.
1999ല്‍ കോട്ടയത്തെ പുതുപ്പള്ളിയില്‍ ആല്‍ഫ സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് എന്ന ചിത്രകലാ വിദ്യാലയം ആരംഭിച്ചു.
ഷാര്‍ജയില്‍ വെച്ച് 2003ല്‍ നടത്തിയ `ദൃശ്യ' എക്സിബിഷനില്‍ അദ്ദേഹത്തിന്റെ ഭൂഭാഗചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2007ലും 2012ലും ആസ്ട്രേലിയയിലെ മെല്‍ബണില്‍ വെച്ച് നടന്ന ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ മികച്ച ചിത്രകാരനുള്ള ജനസേവക് പുരസ്കാരം 2014ല്‍ ലഭിച്ചിട്ടുണ്ട്.
എന്‍.എല്‍. ബാലകൃഷ്ണന്
1943ല്‍ തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണത്താണ് എന്‍.എല്‍. ബാലകൃഷ്ണന് ജനിച്ചത്. 1965ല്‍ ദി മഹാരാജാസ് സ്ക്കൂള് ഓഫ് ആര്‍ട്സില്‍ (ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്) ഡ്രോയിംഗ് & പെയിന്റിംഗ് ഡിപ്ലോമ കരസ്ഥമാക്കി. തിരുവനന്തപുരത്തുള്ള മെട്രോ സ്റ്റുഡിയോ, ശിവന്‍സ് സ്റ്റുഡിയോ, രൂപലേഖാ സ്റ്റുഡിയോ, കലാലയാ സ്റ്റുഡിയോ എന്നിവിടങ്ങളില്‍ നിന്നും ഫോട്ടോഗ്രാഫി പഠിച്ചു. ബോയിസ് ഔണ് ഓഫ് കേരള എന്ന അനാഥാലയത്തില്‍ റവ. ഫാദര്‍ ബ്രാഹാന്‍സയുടെ കീഴില്‍ കുട്ടികള്‍ക്ക് ഫോട്ടോഗ്രാഫിയും, പെയിന്റിംഗും പരിശീലിപ്പിച്ചു. 1968 മുതല്‍ 1979 വരെ 11 വര്‍ഷക്കാലം കേരള കൗമുദി ദിനപത്രത്തിന്റെ തിരുവനന്തപുരം ഓഫീസില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫറായും ജോലി ചെയ്തു. ജി. അരവിന്ദന്, അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ നിശ്ചലഛായാഗ്രാഹകനായി ജോലി ചെയ്തു. 1986ല്‍ പ്രശസ്ത ശില്പി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനം കിളി എന്ന കുട്ടികളുടെ സിനിമയില്‍ കൊക്കണം പാണ്ടി എന്ന കഥാപാത്രം ചെയ്ത് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതേവരെ 162 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കാര്‍ട്ടൂണിസ്റ്റ് ടോംസ്
മലയാളത്തിലെ പ്രശസ്തമായ `ബോബനും മോളിയും' എന്ന കാര്‍ട്ടൂണിന്റെ സൃഷ്ടാവ് എന്ന നിലയിലാണ് ടോംസിന്റെ പ്രശസ്തി. 1929ല്‍ കുട്ടനാടാണ് ടോംസിന്റെ ജനനം. ബിരുദ പഠനത്തിനുശേഷം 1961ല്‍ കാര്‍ട്ടൂണിസ്റ്റായി മനോരമ വീക്ക്ലിയില് ചേരുകയും 1987 വരെ സേവനമനുഷ്ഠിക്കുകയും ചെയ്തു. ബോബനും മോളിയും കൂടാതെ കുഞ്ചുക്കുറുപ്പ്, അപ്പി ഹിപ്പി, ഉണ്ണിക്കുട്ടന്, പഞ്ചായത്ത് പ്രസിഡന്റ് ചേട്ടന്, അദ്ദേഹത്തിന്റെ ഭാര്യ ഇവരെല്ലാം മലയാളി മനസ്സുകളില്‍ സ്ഥാനം പിടിച്ചവരാണ്. തന്റെ അയല്പക്കത്തുള്ള രണ്ട് കുട്ടികളാണ് ടോംസിന് ബോബനും മോളിയും സൃഷ്ടിക്കാനുള്ള പ്രചോദനമെന്ന് ടോംസ് പറഞ്ഞിട്ടുണ്ട്. ബോബനും മോളിയും ഇപ്പോള്‍ ആനുകാലിക പ്രസിദ്ധീകരണമെന്ന നിലയില്‍ പ്രത്യേകം പ്രസിദ്ധീകരിക്കുന്നു.